2013 മാർച്ച് 29, വെള്ളിയാഴ്‌ച
തേന്‍ കൊതിയന് കടന്നല്‍ സദ്യ
രാവിലെ ഗുഹയില്‍ നിന്ന് പുറത്തിറങ്ങിയ വക്രന്‍ ആകെ വിഷമത്തിലായിരുന്നു. തലേദിവസം ഒന്നും കഴിക്കാത്തതിന്റെ ക്ഷീണം,കൂട്ടുകാരെയാണങ്കില്‍ കാണുന്നുമില്ല. എങ്ങോട്ടെന്നില്ലാതെ യാത്ര തുടര്‍ന്നു.
വിശന്നിട്ട്കണ്ണുകാണാന്‍ വയ്യ, എന്തെങ്കിലും കിട്ടിയിരുന്നേല്‍ കഴിക്കാമായിരുന്നു. പുഴക്കരയില്‍ കിന്നരിയെയും കൂട്ടരെയും പിടികൂടാന്‍ പോയപ്പോള്‍ രണ്ട് വലിയ കൂടുകള്‍ ആല്‍മരത്തില്‍ കിടക്കുന്നത് കണ്ടത് വക്രന്‍ ഓര്‍ത്തു.
തേന്‍കൂട് തേനിറ്റ് വീഴുന്ന കൂടിന്റെ ചിത്രം മനസില്‍ തെളിഞ്ഞപ്പോഴെ വക്രന്റെ നാവില്‍ വെളളമൂറി, പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു.
പുഴയോരത്ത് എത്തിയപ്പോഴെ വക്രന്‍ തളര്‍ന്നു പിന്നെ ഒരടി നടക്കാന്‍ വയ്യ. തണല്‍ പറ്റി പതിയെ ഇരുന്നു. പുഴയില്‍ നിന്ന് വെളളം കുടിക്കാനായി മുഖം താഴ്ത്തി.
അതാ ആ പുഴയില്‍ നിന്ന് ഒരു ശബ്ദം
മുതലച്ചാര്‍ : എന്താ വക്രാ പതിവില്ലാതെ പച്ചവെളളം ശാപ്പിടുന്നത്.
വക്രന്‍ : എന്തു പറയാനാ ,രാവിലെ മുതല്‍ പട്ടിണിയാ, എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ ഇറങ്ങിയതാ,
മുതല : നില്‍ക്ക് ഞാന്‍ രണ്ട് ചെമ്പഴം തരാം.
മുതല നീട്ടിയ ചെമ്പഴവും തിന്ന് വെളളവും കുടിച്ച് ക്ഷീണം മാറ്റിയ വക്രന്‍ പറഞ്ഞു.
പോട്ടെ ഈ ആല്‍മരത്തില്‍ തേനീച്ചയുണ്ടന്നാണ് കേട്ടത്. കയറി കുറച്ച് തേന്‍ കഴിക്കട്ടെ
മുതലച്ചാര്‍ : സൂക്ഷിക്കണേ, അതില്‍ കൂറ്റന്‍ കടന്നലുണ്ട് . കമ്പുമാറി കയറരുത്.
വക്രന്‍: പിന്നെ എനിക്ക് നിന്റെ ഉപദേശം ആവശ്യമില്ല . എനിക്കറിയാം തേന്‍കൂടും, കടന്നല്‍ കൂടും.
ആല്‍മരത്തിന്റെ ചുവട്ടിലെത്തിയ വക്രന്‍ മുകളിലേക്ക് നോക്കി, കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍ കണ്ണഞ്ചിപ്പോകുന്നു.
ആല്‍മരത്തിലേക്ക് വലിഞ്ഞുകയറുന്ന വക്രന്‍ മിന്നുവിന്റെ കണ്ണില്‍പെട്ടു. ദൂരെ നിന്നിരുന്ന കിന്നരി പറന്ന് വക്രന്റെ അടുത്തെത്തി.
കിന്നരി : എന്താ കരടിച്ചാരെ ഇതില്‍ വലിഞ്ഞു കയറുന്നത് . ഇത് ഞങ്ങളുടെ ഏരിയയാണ്.
വക്രന്‍ : പോടേ മാറിനിന്നില്ലെങ്കില്‍ നിന്നെ ഞാന്‍ സൂപ്പാക്കും.
മിന്നുവിനെ ആട്ടിയോടിച്ച വക്രന്‍
വക്രന്‍ മരത്തിലേക്ക് ആഞ്ഞു കയറി
മുകളിലേക്ക് കയറും തോറും സൂര്യന്റെ ചൂടും , വെളിച്ചവും കൂടി വന്നു, കണ്ണില്‍ ഇരുട്ട് കയറും പോലെ
വലിയ ശിഖിരത്തില്‍ വക്രന്‍ ക്ഷീണിതനായി ഇരുന്നു.
ഇരുന്നതിന്റെ തൊട്ടു പിറകില്‍ ഒരു ശബ്ദം
കിയോ,കിയോ........
വക്രന്റെ ഉളളിലെ ദുഷ്ടബുദ്ധി ഉണര്‍ന്നു , പക്ഷി കുഞ്ഞുങ്ങള്‍ ആണല്ലോ തേന്‍ പിന്നെ കുടിക്കാം, തല്‍ക്കാലം കിളിക്കുഞ്ഞിനെ തിന്നാം,
ഇരുന്നിടത്തു നിന്ന് എണീറ്റ് ആല്‍മരകൊമ്പിലൂടെ തപ്പിപിടിച്ച് വക്രന്‍ കിളിക്കൂടിന്റെ അടുത്തേക്ക് നീങ്ങി.
മിന്നു ഇത് കണ്ടു
മിന്നു : എന്റെ ദൈവമേ, ദുഷ്ടന്‍ ആ കിളിക്കുഞ്ഞുങ്ങളെ കൊല്ലും. എന്തെങ്കിലും ചെയേ്ത പറ്റു.
മരക്കൊമ്പില്‍ നിന്ന് മിന്നു വക്രന്റെ മുഖത്തിന് നേരെ പാഞ്ഞടുത്തു. മിന്നുവിന്റെ് വരവ് കണ്ടറിഞ്ഞ വക്രന്‍ കൈവീശി ഒറ്റയടി.
ചിറകിന് ചെറുതായി അടികിട്ടിയ മിന്നു ദൂരേക്ക് തെറിച്ചു.
മിന്നു : ദൈവമേ, കിന്നരിയെ വിളിക്കാം
അല്ലാതെ രക്ഷയില്ല
കിന്നരി ഓടിവായോ........
മിന്നുവിന്റെ വിളി മുഴങ്ങി
കാടിന്റെ ഉളളില്‍ അപ്പുവിനൊപ്പം കളിച്ചിരുന്ന കിന്നരി പറഞ്ഞു.
കിന്നരി : അപ്പു, എന്തോ പ്രശ്‌നമുണ്ട്.
മിന്നു വിളിക്കുന്ന പോലെ തോന്നുന്നു.
വാ പോകാം, അപ്പുവിന്റെ പുറത്തിരുന്ന് രണ്ടുപേരും തിരികെ ഓടി.
അടിയേറ്റ ചിറക്, കൊക്കുകൊണ്ട് പതിയെ ഉരുമി ഇരുന്ന മിന്നു, വേദന കൊണ്ട് കരഞ്ഞുപോയി.
മിന്നു: ദുഷ്ടന്‍, ഇവനെ ഞാന്‍ ശരിയാക്കും. മുഖം ഉയര്‍ത്തി നോക്കിയ മിന്നു ഞെട്ടിപ്പോയി, വക്രന്‍ കിളിക്കുഞ്ഞുങ്ങള്‍ ഇരിക്കുന്ന കൊമ്പിനടുത്ത് എത്തി.
മിന്നു: ചുറ്റും നോക്കി എന്തു ചെയ്യും.
വക്രന്റെ തലയ്ക്ക് മുകളില്‍ അതാ ഒരു കടന്നല്‍ കൂട്. ഒട്ടും താമസിച്ചില്ല. ശരവേഗത്തില്‍ പറന്നുചെന്ന മിന്നു കടന്നല്‍ കൂട് ഇരുന്ന കൊമ്പ് കൊത്തിവലിച്ച് താഴേക്ക് ഇട്ടു.
കിളികൂട്ടിലിരുന്ന കുഞ്ഞുങ്ങളെ പിടിക്കാന്‍ വക്രന്‍ കൈനീട്ടിയ നിമിഷം കടന്നല്‍ കൂട് നേരെ മുഖത്തേക്ക് .
കണ്ണില്‍ തന്നെ കുത്തുകിട്ടിയ വക്രന്റെ പിടി വിട്ടുപോയി.
മിന്നു , ചിരിച്ചുകൊണ്ട് കിളികുഞ്ഞുങ്ങളുടെ അടുത്ത് എത്തി. ഭയന്ന് ഇരുന്ന അവരെ ആശ്വസിപ്പിച്ചു.
മിന്നുവിന്റെ നിലവിളികേട്ട് ആല്‍മരത്തിന്റെ ചുവട്ടിലേക്ക് ഓടി എത്തിയ കിന്നരിയും അപ്പുവും കണ്ടത് കടന്നല്‍ കുത്ത് കിട്ടി അലറികൊണ്ട് താഴേക്ക് പതിക്കുന്ന വക്രനാണ്.
താഴെയാണങ്കില്‍ പാറക്കല്ലും , താഴെ വീണാല്‍ വക്രന്റെ ജീവന്‍ പോകും ഉറപ്പാണ്. രണ്ടു കൈകളും കൂപ്പി കിന്നരി പ്രാര്‍ത്ഥിച്ചു.
വനദേവതെ ,കരടിച്ചാരുടെ കനം കുറഞ്ഞ് അപ്പൂപ്പന്‍താടിപോലെയായി പുഴയില്‍ പതിക്കണേ,
താഴേക്ക് വീണുകൊണ്ടിരുന്ന വക്രന്‍ കാറ്റില്‍ കുടുങ്ങി നേരെ പുഴയിലേക്ക്.
പക്ഷെ കടന്നുലുകളുണ്ടോ വിടുന്നു,
അവന്‍ കുത്തടാ കുത്ത്, വെളളത്തില്‍ ധിം എന്നു താഴെവരെ അവര്‍കുത്തി.
ഡിം , എന്തോ വീണ ഒച്ചകേട്ട മുതലച്ചാര്‍ നോക്കി. അതാ കരടി,
വെളളം കുടിച്ച് ചാകുന്നു, ഒരു വിധം അവനെ തളളി കരയ്ക്ക് കയറ്റിയ ശേഷം പറഞ്ഞു
ഏയ് വക്രന്‍, നിന്നോട് ഞാന്‍ പറഞ്ഞതല്ലേ , കടന്നലുണ്ട് സൂക്ഷിക്കണമെന്ന്
വക്രന്‍ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.
ഈ സമയം ആല്‍മരത്തിന്റെ ചുവട്ടില്‍ ചെറിയ പിണക്കം നടന്നു പ്രശ്‌നക്കാരി മിന്നുവാണ്.
മിന്നു : എന്തിനാണ് കിന്നരി, ആ ദുഷ്ടനെ നീ രക്ഷിച്ചത്, അവന്‍ ഇന്ന് തുലഞ്ഞേനെ,
അപ്പു : കിന്നരി, നീ അവനെ രക്ഷിക്കാനാണോ പ്രാര്‍ത്ഥിച്ചത്, അത് വേണ്ടായിരുന്നു. എന്നെ പിടിച്ച് തിന്നാന്‍ നോക്കിയവനാണ്.
കിന്നരി : കൂട്ടുകാരെ എത്ര ദുഷ്ടനാണെങ്കിലും നമ്മള്‍ ആരെയും ഉപദ്രവിക്കാന്‍ പാടില്ല.
അവനവന്‍ ചെയ്യുന്ന ദുഷ്ടതയുടെ ഫലം അവന്‍ തന്നെ അനുഭവിക്കും. നമ്മള്‍ ആയിട്ട് അവനെ ദ്രോഹിച്ചാല്‍ നമ്മളും ദുഷ്ടന്‍മാരാകും. അതുകൊണ്ട് ഞാന്‍ വക്രനെ രക്ഷിച്ചത്.
മിന്നുവിന്റെ ആഗ്രഹം കുഞ്ഞിക്കിളികളെ രക്ഷിക്കുകയായിരുന്നു. വക്രന് ശിക്ഷ കിട്ടണമെന്ന് അപ്പുവും ആഗ്രഹിച്ചു. കടന്നല്‍ കുത്തിലൂടെ അവന് ശിക്ഷയും കിട്ടി, ആ വേദനയും നീരും മാറണമെങ്കില്‍ കുറച്ച് ദിവസം പിടിക്കും.
അതുപോരെ , നമ്മള്‍ , നന്മ മാത്രം ചെയ്താല്‍ മതി കേട്ടോ. കൂട്ടുകാരോട് ഇത് പറഞ്ഞ ശേഷം കിന്നരി പറന്നുമാറി.
ഈ സമയം വേദന സഹിക്കാന്‍ :വയ്യാതെ ഉച്ചത്തില്‍ കരയുകയായിരുന്നു വക്രന്‍
എങ്കിലും വക്രന് മനസിലാവാതെ പോയത് ഒരു കാര്യമായിരുന്നു. എങ്ങനെയാണ് ഞാന്‍ പറന്നു ചെന്ന് വെളളത്തില്‍ വീണത്, എന്തി വലിഞ്ഞ് ഗുഹയിലേക്ക് നടക്കുമ്പോള്‍ വക്രന്‍ ആലോചിച്ചത് ഇതു മാത്രമായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ